പനാജി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഗോവയിലെ നിയമസഭ സ്ഥാനാര്‍ത്ഥി മഹേഷ് എസ് അമോങ്കര്‍ രാജിവെച്ചു. നിരന്തരമായി പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നതെന്ന് മഹേഷ് അമോങ്കര്‍ പറഞ്ഞു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ വിചാരിച്ച നേട്ടം കൈവരിക്കാനാകാതിരുന്നതും, സംസ്ഥാനത്ത് പാര്‍ട്ടി അക്കൗണ്ട് തുറക്കാനാകാതിരുന്നതും പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അമോങ്കറുടെ രാജി പ്രഖ്യാപനം.
കഴിഞ്ഞ ദിവസമാണ് അമോങ്കര്‍ രാജിക്കത്ത് കൈമാറിയത്. താന്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുകയാണ്. ടിഎംസിയെ പ്രതിനിധീകരിച്ച ഒരു നിയമസഭ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ട പരിഗണന ലഭിച്ചില്ല. മാത്രമല്ല കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും മഹേഷ് അമോങ്കര്‍ പറഞ്ഞു. ഗോവ ടിഎംസി അധ്യക്ഷന്‍ കണ്ടോല്‍ക്കറിന് അയച്ച കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

