കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് ഇഡി കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ഇന്നലെ ഇയാളെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. വിദേശത്ത് നിന്നായിരുന്നു ഇയാൾ സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. കേസിൽ റമീസിന്റെ അറസ്റ്റ് നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പമാണ് ഇഡി സ്വർണക്കടത്തും അന്വേഷിക്കുന്നത്. കേസിന്റെ രണ്ടാഘട്ട അന്വേഷണത്തിന്റെ ആദ്യപടി എന്ന നിലയിലാണ് റമീസിന്റെ അറസ്റ്റ്. നാലാംതവണ ചോദ്യംചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ ഇയാൾക്കെതിരെ നേരത്തെ മൊഴി നൽകിയിരുന്നു.

