തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകിയെന്നും യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങിയതെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു . ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. അതേസമയം ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്നുമാണ് സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നത്. ഫോൺ വാങ്ങിയതിൻറെ ബില്ലും കോടതിക്ക് കൈമാറി.
2019 ഡിസംബർ രണ്ടിനു നടന്ന യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായാണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത്. പരിപാടിയിൽ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്നും സന്തോഷ് ഈപ്പൻ പറയുന്നു. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നവംബർ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെൻററിൽ നിന്ന് ഫോൺ വാങ്ങിയത്. കമ്മീഷനിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരന് നല്‍കി. ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ് പണം കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ഇതിനായി കവടിയാറിലെ കഫേ കോഫി ഡേയിൽ എത്തുകയും, അവിടെ വച്ച് 68 ലക്ഷം രൂപ സന്ദീപ് നായരുടെ കമ്പനിക്ക് കൈമാറിയെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

