Sunday, May 12, 2024
spot_img

സ്വര്‍ണക്കടത്ത്: യു.എ. ഇ. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ. കസ്റ്റഡിയില്‍

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തില്‍ അന്വേഷണം രാജ്യാന്തര റാക്കറ്റുകളിലേക്ക്. കസ്റ്റഡിയിലുള്ള യുഎഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പിആര്‍ഒ സരിത്തിനെയാണ് കൊച്ചി കസ്റ്റംസിന് കൈമാറിയത്. കൂടാതെ ചില ഉന്നതന്മാരെക്കൂടി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. മുന്‍പും ഇവര്‍ കള്ളക്കടത്ത് നടത്തിയതായാണ് സൂചന.

ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സരിത്ത് കാര്‍ഗോ വിട്ടുനല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതായും റിപ്പോര്‍ട്ട്. കാര്‍ഗോ തുറന്നുപരിശോധിച്ചാല്‍ നിയമനടപടി എടുക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായാണ് അറിയാൻ കഴിയുന്നത് .

 എന്നാൽ കോണ്‍സുലേറ്റിലേക്കുള്ള കാര്‍ഗോയില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് യുഎഇ എംബസി അറിയിച്ചു. നയതന്ത്ര മാര്‍ഗങ്ങള്‍ സ്വര്‍ണ കള്ളക്കടത്തിന് ഉപയോഗിക്കപ്പെട്ട സംഭവത്തെ യുഎഇ അപലപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പുനല്‍കിയ ദില്ലിയിലെ യുഎഇ എംബസി, കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

“കള്ളക്കടത്ത് നടത്തിയ വ്യക്തി അതിനായി നയതന്ത്ര മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്തതിനെ അപലപിക്കുന്നു. യുഎഇ നയതന്ത്ര കാര്യാലയത്തിനോ അവിടുത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ സംഭവത്തില്‍ യാതൊരു പങ്കുമില്ല” – ഇന്ത്യയിലെ യുഎഇ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ നേരത്തെ ജോലി ചെയ്തിരുന്ന പ്രദേശവാസിയായ ഒരു ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് യുഎഇ നയതന്ത്ര കാര്യാലയം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നത്. ഇയാള്‍ ഈ സംഭവത്തിന് വളരെ മുമ്പ് തന്നെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ നടപടി നേരിട്ടയാളാണെന്നും എംബസിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

നയതന്ത്ര മാര്‍ഗങ്ങളെപ്പറ്റിയുള്ള അറിവ് കുറ്റകൃത്യം നടത്താനായി ഇയാള്‍ ഉപയോഗിച്ചിരിക്കാമെന്നും എംബസി വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും കുറ്റകൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതായും എംബസി അറിയിച്ചു. അതേസമയം കോണ്‍സുലേറ്റിന്റെ പേരില്‍ ആരെങ്കിലും അയക്കുന്ന സാധനങ്ങള്‍ തങ്ങളുടേതല്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്‍മദ് അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ബന്ന പറഞ്ഞു.

Related Articles

Latest Articles