Monday, May 20, 2024
spot_img

സംസ്ഥാനത്ത് വൻ സ്വർണ്ണ വേട്ട; അഞ്ച് കോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണ വേട്ട. അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് വിമനാത്താവളങ്ങൾ വഴി പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോഗ്രാം സ്വർണ്ണവും, കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ 15 കിലോയോളം സ്വർണ്ണമാണ് പിടി കൂടിയത്.

തിങ്കളാഴ്ച രാവിലെ വ്യത്യസ്ത വിമാനങ്ങളിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്നുമാണ് 11. 2 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. കോഴിക്കോട്, കണ്ണൂർ,വയനാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. വിമാനത്താവളത്തിൽ പിടി കൂടിയവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളിൽ നടത്തിയ തിരച്ചിലിൽ 3.2 കിലോ സ്വർണ്ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.

തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്ന് 2.900 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. രാവിലെ ഒൻപതിന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു.

ദുബായ് യാത്രക്കാരൻ മൈക്രോ വേവ് ഓവനിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കൊണ്ടു വന്നത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നും സ്വർണ്ണ ബിസ്‌ക്കറ്റുകളും കണ്ടെത്തി. ഡി.ആർ.ഐ യൂണിറ്റുകൾക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നിലവിൽ പിടികൂടിയവർ ഇതിലെ കണ്ണികൾ മാത്രമാണെന്നും ഇതിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles