തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും വീണു. നിയന്ത്രിത സ്‌ഫോടനത്തിലുടെ 40 അപാര്‍ട്ടുമെന്റുകളുള്ള ഗോള്‍ഡന്‍ കായലോരം തകര്‍ന്നടിയുകയായിരുന്നു. 14.8 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ‘വീ’ ആകൃതിയില്‍ ആണ് ഗോള്‍ഡന്‍ കായലോരം പിളര്‍ത്തിയത്. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് അരമണിക്കൂര്‍ വൈകി 2.30 ന് അവസാനമായി ഗോള്‍ഡന്‍ കായലോരവും വീഴ്ത്തുകയായിരുന്നു.
മറ്റ് ഫ്‌ളാറ്റുകളില്‍ നടത്തിയ ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതെ കെട്ടിടം രണ്ടായി പിളര്‍ത്തിയാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് തകര്‍ത്തത്. ചെറുതാണെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന 17 നിലകളുള്ള ഗോള്‍ഡന്‍ കായലോരം വ്യത്യസ്ത രീതിയിലാണ് പൊളിച്ചുനീക്കിയിരിക്കുന്നത്. മഴ പെയ്തിറങ്ങുന്നതു പോലെ ജയിന്‍ കോറല്‍ക്കോവ് നിലംപതിച്ചപ്പോള്‍, കിഴക്കു നിന്ന് തുടങ്ങി ഘട്ടംഘട്ടമായി വെള്ളച്ചാട്ടം പോലെയാണ് ഗോള്‍ഡന്‍ കായലോരം നിലംപതിച്ചത്.

