Wednesday, January 7, 2026

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി അഡ്വ.ബിജു മോഹനന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹനന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബിജു കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയത്. തുടര്‍ന്ന് ബിജുവിനെ കോടതി മൂന്ന് ദിവസത്തേക്ക് ഡിആര്‍ഐയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

സ്വര്‍ണ കടത്തിന്‍റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡിആര്‍ഐ ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്ന് കൊണ്ടു വന്നിട്ടുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്.

നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്. ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍റ് ചെയ്യുകയും ചെയ്തു. പ്രകാശ് തമ്പി വാഹന അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തേക്കും.

Related Articles

Latest Articles