തിരുവനന്തപുരം: തലസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറിയ മദ്യപസംഘത്തിന്റെ ക്രൂരമായ മർദനത്തിൽ വിദ്യാർഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) അക്രമത്തിന് ഇരയായത്. ക്രൂരമായ മർദനത്തെത്തുടർന്ന് അൽ അമീന്റെ ഒരു കണ്ണിന്റെ റെറ്റിന പൂർണ്ണമായും തകർന്ന നിലയിലാണ്.
കഴിഞ്ഞ ഞായറാഴ്ച ക്യാമ്പസ് ഫെസ്റ്റിനിടെയാണ് അക്രമം നടന്നത്. പുറത്തുനിന്നെത്തിയ ലഹരിസംഘം ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർഥികളുമായി മനഃപൂർവ്വം തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അൽ അമീനെ സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിക്കാത്തതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും പ്രതികൾക്കായുള്ള തിരച്ചിൽ വെഞ്ഞാറമ്മൂട് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്യാമ്പസിനുള്ളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളായ ഗുണ്ടാസംഘത്തെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

