ദില്ലി: ദില്ലിയിൽ ഗുണ്ടാ സംഘങ്ങളും (Goons Attack) പോലീസും തമ്മിൽ നേർക്കുനേർ പോരാട്ടം. ഗുണ്ടാസംഘങ്ങളുമായുണ്ടായ ഏറ്റുമുട്ടലിൽ അധോലോക സംഘത്തലവൻ രാജേഷ് ബവാനിയയുടെ കൂട്ടാളി രാഞ്ചോവിനെ പോലീസ് വെടിവച്ചു വീഴ്ത്തി. ഇയാളെ ബൈക്കിൽ പിന്തുടർന്നാണ് പോലീസ് വെടിവച്ചിട്ടത്. കാലിന് വെടിയേറ്റ രാഞ്ചോയെ ആശുപത്രിയിലാക്കി. രാജേഷ് ബവാനിയയെ തേടിയാണ് പോലീസ് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ പോലീസ് ഗുണ്ടാ സംഘങ്ങളുടെ താവളങ്ങൾ കണ്ടെത്തിയതോടെ തിരിച്ചു വെടിവച്ചുകൊണ്ടുള്ള ശക്തമായ പ്രത്യാക്രമണമാണ് നടന്നത്.
ദില്ലി-ഉത്തർപ്രദേശ് അതിർത്തി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്ന ദൗത്യത്തിലാണ് കുറച്ചുനാളായി ദില്ലി പോലീസ് ഏർപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ യോഗി സർക്കാർ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ പലരും ദില്ലി ഹരിയാന മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ദില്ലി പോലീസും ആരംഭിച്ചത്.

