Monday, April 29, 2024
spot_img

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് തുടക്കം; ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെയെന്ന് കർഷകരുടെ വിമർശനം; അണ്ണാൻ ഉപദ്രവകാരിയല്ലെന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ രംഗത്ത്. വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ കഴിയുന്നതെന്ന് കർഷകർ ചോദിച്ചു. ഇത് സംബന്ധിച്ച ആശങ്ക പങ്കുവെച്ചുകൊണ്ട് കർഷകർ കൃഷി മന്ത്രിക്ക് പരാതി നൽകി കഴിഞ്ഞു.

‘ചില്ലു’ എന്ന അണ്ണാറക്കണ്ണനെയാണ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്. മാത്രമല്ല പരിമിതമായ സ്ഥലത്തുപോലും കൃഷിയിറക്കുക എന്ന ആശയമാണ് പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. വിളകള്‍ നശിപ്പിക്കുന്ന അണ്ണാനെ ഭാഗ്യചിഹ്നമാക്കിയത് ശരിയല്ലെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ പരാതി.

എന്നാൽ, കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നും അണ്ണാന്‍ ഉപദ്രവകാരിയല്ലെന്നുമാണ് കൃഷിവകുപ്പിന്റെ വാദം.

അതേസമയം കൊക്കോ, പപ്പായ, ജാതിക്ക, റംബൂട്ടാന്‍ തുടങ്ങിയ വിളകള്‍ക്കാണ് അണ്ണാന്‍ വില്ലനാകുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് ചിഹ്നം അർത്ഥമാക്കുന്നെന്നും തീരുമാനം മാറ്റില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി.

കൂടാതെ കുട്ടികളെ കൂടി കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ദീപക് മൗത്താട്ടിലാണ് ഭാഗ്യചിഹ്നത്തിന്റെ സ്രഷ്ടാവ്.

Related Articles

Latest Articles