Sunday, May 19, 2024
spot_img

നിർബന്ധിത വിആർഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല! വിഷയത്തിൽ വ്യക്തതയുമായി ഗതാഗത മന്ത്രി ആന്റണി രാജു

പാലക്കാട് : കെഎസ്ആർടിസിയിൽ നിര്‍ബന്ധിത വിആർഎസ് (വോളന്ററി റിട്ടയർമെന്റ് സ്കീം) നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നിലവിൽ സർക്കാർ മേൽനോട്ടത്തിൽ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് സാധാരണ നിലയിൽ റിപ്പോർട്ട് നൽകാറുണ്ട്. ഇത്തരത്തിൽ പുറത്തു വന്ന സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ ഭാഗമാണോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിർബന്ധിത വിആർഎസ് നടപടി ഇടതു സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആരോപിച്ചു. വിആർഎസ് നടപ്പിലാക്കുന്നത് കരാർ നിയമനത്തിന് വഴിയൊരുക്കും. വിആർഎസിനെ ശക്തമായി എതിർക്കുമെന്നും എന്നാല്‍ ജീവനക്കാർ സ്വമേധയാ വിആർഎസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും എം.ജി.രാഹുൽ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാൻ നീക്കം നടക്കുന്നതായും ഇതിനായി 50 വയസ്സ് പിന്നിട്ട 7200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കിയെന്നുമായിരുന്നു റിപ്പോർട്ട്. ഒരാള്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. ഇത് നടപ്പിലായാൽ ശമ്പളയിനത്തിലെ ചിലവ് പകുതിയാക്കി കുറയ്ക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles