Sunday, June 16, 2024
spot_img

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ദില്ലിയിലെ നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനത്തിനായി 40 ലക്ഷം അനുവദിച്ച് സർക്കാർ ; അഴിമതി ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം : സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ദില്ലിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

“മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ദില്ലിയിലും മുഴക്കാനാണ് ഇത്തരം പരിപാടികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള ഹൗസില്‍ രാഷ്ട്രീയപരിഗണന മാത്രംവെച്ച് അനധികൃത നിയമനങ്ങളും പ്രമോഷനും നടപ്പാക്കിവരുന്നു. ക്ലാസ്സ് 3, ക്ലാസ്സ് 4 ജീവനക്കാരില്‍ ഭൂരിഭാഗവും സിപിഎം നടത്തിയ രാഷ്ട്രീയ നിയമങ്ങളാണ്. ഇവരില്‍ പലര്‍ക്കും ഗസറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രോട്ടോകോള്‍ ഓഫീസര്‍, അസിസ്റ്റന്റ് പ്രോട്ടോകോള്‍, ലൈസന്‍ ഓഫീസര്‍, ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ പദവിയിലേക്കാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പോകുന്നത്. ഇതു നിയമവിരുദ്ധമാണ്.

സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍ക്കുളം നവീകരിക്കാനും ലിഫ്റ്റ് പണിയാനും ആഡംബര കാറുകള്‍ വാങ്ങാനും മന്ത്രിമാര്‍ക്ക് കുടുംബസമേതം വിദേശയാത്ര നടത്താനും മറ്റുമായി പണം ചെലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവുമില്ല. ധൂര്‍ത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരിച്ച ദില്ലി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനം.

ശമ്പളവും പെന്‍ഷനും ലഭിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തുകയും ക്ഷേമപദ്ധതികളെല്ലാം മുടങ്ങുകയോ മുടന്തുകയോ ചെയ്യുമ്പോഴാണ് ഇത്തരം അഴിമതികള്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികള്‍ പണം കിട്ടാത്തതു കാരണം നിലച്ചിരിക്കുകയാണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വന്‍തോതില്‍ വര്‍ധിച്ച് ജനങ്ങള്‍ ദുസ്സഹമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നു. വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു കഴിഞ്ഞു. നെല്ല് സംഭരിച്ച വകയിലും കോടികള്‍ നല്‍കാനുണ്ട്.

കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടിയാണെന്നാണ് ആര്‍ബിഐറിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തരകടം 2021-22ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വര്‍ധിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. പിറന്നുവീഴുന്ന ഓരോ കുഞ്ഞും ഒരുലക്ഷത്തി അയ്യായിരം രൂപയുടെ കടക്കാരനാണ് ” കെ. സുധാകരൻ പറഞ്ഞു.

Related Articles

Latest Articles