Monday, June 17, 2024
spot_img

ഗണേശ ചതുർത്ഥി; കേരള ജനതയ്ക്ക് ഹൃദയംഗമവും ഊഷ്മളവുമായ ആശംസകൾ നേർന്ന് ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: വിനായക ചതുർത്ഥിയുടെ മംഗളകരവും ആഹ്ളാദപ്രദവുമായ അവസരത്തിൽ കേരള ജനതയ്ക്ക് ഹൃദയംഗമവും ഊഷ്മളവുമായ ആശംസകൾ നേർന്ന് ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള.

ഗണേശഭഗവാൻ സർവ്വരാലും ഏറെ തീക്ഷ്ണമായും അഗാധമായും സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ദൈവമാണ്. ഗണേശ ഭഗവാൻ സകലരുടെയും ദൈവമാണ് എന്ന് ലോക മാന്യ ബാല ഗംഗാധരതിലകൻ വിലയിരുത്തിയിട്ടുണ്ട്. ഗണേശോൽസവം ഏറെ ജനപ്രിയമായ ഉൽസവമാണ്. ഇന്ത്യൻ ദേശീയതയിലെ ഒരുമയുടെ സൂചകമായി ഗണേശോൽസവത്തെ തിലകൻ നോക്കിക്കണ്ടു. ഈ ഉൽസവകാലത്ത് സാർവ്വജനിക് ഗണേശ പ്രതിമകളെ കേരളത്തിലടക്കം രാജ്യത്തിന്റെ മുക്കിലും മൂലയിലും ആരാധിക്കുന്നത് കാണാം. സാർവ്വജനിക് ഗണേശോൽസവം ജാതിമതഭേദമന്യേ ജനങ്ങൾക്ക് ഒരുമിക്കാനുള്ള വേദിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

കുടുംബസംഗമങ്ങളുടെ കാലം കൂടിയാണ് ഗണേശോൽസവം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കുടുംബാംഗങ്ങളെല്ലാം വിനായക ചതുർത്ഥിയെ അതിന്റെ മഹത്വത്തിലും ആഘോഷപരതയിലും ഭക്തിനിർഭരതയിലുമായി കൊണ്ടാടുന്നതിനായി അവരുടെ തറവാടുകളിൽ ഒത്തുകൂടുന്നു. സൗഹൃദത്തെയും സാമൂഹിക ഐക്യത്തേയും പരസ്പര ധാരണയേയും ബലപ്പെടുത്തുന്ന തനതായ ഈ ഉൽസവത്തിൽ ഭാഗഭാക്കാകാൻ കഴിയുന്നത് ഏതൊരാളിലും ആഹ്ലാദം ഉളവാക്കുന്നതാണ്. നമുക്കിടയിലെ ഒരുമയേയും ആത്മീയ സൗഹാർദ്ദത്തെയും ഇതിഹാസമാനമായ തലത്തിലേക്ക് ഉയർത്തുന്ന ഉൽസവമാണിതെന്നും ആഹ്ലാദഭരിതമായ ഈയവസരത്തിൽ മുഴുവൻ കേരളീയരിലും ഗണേശ ഭഗവാൻ അനുഗ്രഹങ്ങൾ വർഷിക്കട്ടെയെന്നും ,ഏവർക്കും ശാന്തിയും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും
പി.എസ് ശ്രീധരൻ പിള്ള ആശംസിച്ചു.

Related Articles

Latest Articles