Saturday, November 28, 2026

സര്‍ക്കാരിനെതിരെ വടിയെടുത്ത് ഗവര്‍ണര്‍: ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സിഎഎയ്ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ നേരത്തേയും എതിര്‍പ്പ് അറിയിച്ചിരുന്നു. തന്റെ അനുവാദം വാങ്ങാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതിനിടെ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

അനുചിതമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന ആരിഫ് മുഹമ്മദ് ഖാന്റേത് കേന്ദ്ര സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും നിയമസഭയെ അവഹേളിക്കുവാനുള്ളതല്ല പദവിയെന്നും കോടിയേരി വ്യക്തമാക്കി.

പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ.ബാലാനന്ദനെ അനുസ്മരിച്ച് കൊണ്ടെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. ഭരണഘടനയും മത നിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ സംസ്ഥാനം മുന്നില്‍ നിന്ന് നയിക്കുകയാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണതയും ഏറിവരുകയാണെന്നും ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles