പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ(Public prosecutor) നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം.
മാര്‍ച്ച് 26ലേക്ക് മാറ്റിയ കേസിന്റെ വിചാരണ നടപടികള്‍ കോടതി നേരത്തെയാക്കിയിരുന്നു. ഈ മാസം 18ന് കേസ് പരിഗണിക്കാനാണ് വിചാരണ കോടതി തീരുമാനിച്ചത്. ഇത് മുന്നോടിയായാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം. മധുവിന്റെ കുടുംബത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്താകും നിയമനമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അറിയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായ വിട്ട് നിന്നപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

