ഗാന്ധിനഗർ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ മാസ്കും സീറ്റ് ബെല്‍റ്റും ധരിക്കാതെ ഡാന്‍സ് ചെയ്ത പോലീസുകാരുടെ അഴിഞ്ഞാട്ടം. കോണ്‍സ്റ്റബിള്‍മാരായ ജഗദീഷ് സോളങ്കി, ഹരേഷ് ചൗധരി, രാജാ ഹിരാഗര്‍ എന്നിവരാണ് മാസ്കും സീറ്റ് ബെല്‍റ്റും ധരിക്കാതെ ഡാന്‍സ് ചെയ്തത്. ഗുജറാത്തിലെ കച്ച് ജില്ല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവർ.
അതേസമയം, സംഭവത്തിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെ പോലീസുകാരെ സസ്‌പെന്റ് ചെയ്തു. സ്റ്റേഷനിലെ പോലീസുകാരില്‍ ഒരാളാണ് വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നാല് പൊലീസുകാര്‍ വാഹനത്തില്‍ പാട്ടിനൊപ്പം നൃത്തം വെയ്ക്കുന്നത് വീഡിയോയില്‍ ഉണ്ട്.
മാത്രമല്ല ഡ്രൈവര്‍ ഉൾപ്പെടെ ആരും സീറ്റ് ബെല്‍റ്റോ മാസ്‌കോ ധരിച്ചിരുന്നില്ല. മാന്യമല്ലാത്ത പെരുമാറ്റം, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കല്‍, പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കച്ച്-ഈസ്റ്റ് പൊലീസ് സൂപ്രണ്ട് മയൂര്‍ പാട്ടീൽ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

