അഹമ്മദാബാദ്:1993ലെ ബോംബെ സ്‌ഫോടന പരമ്പര കേസിൽ ഉൾപ്പെട്ട നാലുപേരെ അഹമ്മദാബാദിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മുംബൈ നിവാസികളായ അബൂബക്കർ, സയ്യദ് ഖുറേഷി, യൂസഫ് ഭട്ക, ഷോയിബ് ഖുറേഷി എന്നിവരെ മെയ് 12 ന് വൈകുന്നേരം അഹമ്മദാബാദിലെ സർദാർനഗറിൽ നിന്നാണ് എടിഎസ് സംഘം അറസ്റ്റ് ചെയ്തത്. ബോംബ് സ്‌ഫോടനത്തിലെ നാല് പ്രതികളുടെ കൃത്യമായ പങ്കും അവർ അഹമ്മദാബാദിലേക്ക് വരുന്നതിന്റെ ഉദ്ദേശ്യവും അന്വേഷിക്കുകയാണെന്ന് ഗുജറാത്ത് എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ അമിത് വിശ്വകർമ പറഞ്ഞു.സ്‌ഫോടന പരമ്പരയ്ക്ക് മുമ്പ് ആയുധപരിശീലനത്തിനായി നാലുപേരും പാകിസ്താനിലേക്ക് പോയിരുന്നതായും ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വിട്ടതായും വിശ്വകർമ കൂട്ടിച്ചേർത്തു.
നാല് പ്രതികളെയും ആദ്യം കസ്റ്റഡിയിലെടുത്തതായും പിന്നീട് വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചതിന് കേസെടുത്തതായും പോലീസ് പറഞ്ഞു. 1993 മാർച്ച് 12 ന് 257 പേർ കൊല്ലപ്പെടുകയും 709 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബെ സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് പ്രതികളെയും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞാൽ നാല് പ്രതികളെയും മുംബൈ സ്‌ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറുമെന്ന് എടിഎസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പാകിസ്ഥാനുമായും അന്താരാഷ്‌ട്ര ഭീകരൻ ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ക്രിമിനലുകളാണ് പിടിയിലായത്. ഇവർ ഗുജറാത്തിലേക്ക് വന്നതെങ്ങിനെയെന്നും എന്തിനാണെന്നും അന്വേഷിച്ചുവരികയാണ് പോലീസ്.

