ദില്ലി: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. 182 സീറ്റിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുന്നത്. ഡിസംബർ 1ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അഞ്ചിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.
ആദ്യഘട്ട തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 14നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള അവസാന തിയതി നവംബർ 17നുമാണ്. സൂക്ഷ്മപരിശോധന നവംബർ 15, 18 തിയതികളിലായി നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 17നും 21നുമാണ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് വോട്ടെടുക്കുന്നത്.
51,782 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ഉണ്ടാകുക. 4.1 കോടി വോട്ടർമാർ തെരഞ്ഞെടുടുപ്പിനെ അഭിമുഖീകരിക്കും. ഇതിൽ 4.61 ലക്ഷം പേർക്ക് ഇത്തവണ കന്നിവോട്ടാണെന്നും 9.8 ലക്ഷം പേർ 80 വയസിന് മുകളിലുള്ളവരാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
27 വർഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപി സർക്കാരാണ്. നിലവിൽ ബിജെപിക്ക് 99 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. കോൺഗ്രസിന് 77 സീറ്റുകളും നിലവിലുണ്ട്.

