Tuesday, September 22, 2026

സഹോദരന്മാരുടെ പോരാട്ടത്തിൽ വിജയം ഹാർദിക്കൊനൊപ്പം; ലക്‌നൗവിനെതിരെ ഗുജറാത്തിന്റെ വിജയം 56 റൺസിന്

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ടാം വിജയത്തോടെ പ്ലേ ഓഫിന് ഒരു പടി കൂടി അടുത്തെത്തി ഗുജറാത്ത് ടൈറ്റന്‍സ്. നിലവിൽ 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ലക്‌നൗവിനെതിരായ മത്സരത്തിൽ 56 റൺസ് വിജയമാണ് ടീം നേടിയത്. ഗുജറാത്ത് ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടൈറ്റൻസിനായി മോഹിത് ശർമ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലക്‌നൗവിനായി ക്വിന്റൻ ഡി കോക്കും കൈൽ മേയർസും ചേർന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് അതാവർത്തിക്കാൻ സാധിച്ചില്ല. ഈ ഐപിഎല്‍ സീസണിൽ ആദ്യ മത്സരം കളിക്കുന്ന ഡി കോക്ക് 41 പന്തുകളിൽനിന്ന് 70 റൺസെടുത്തു.

മേയർസ് 32 പന്തിൽ 48 റൺസുമായി മടങ്ങി. മോഹിത് ശർമയുടെ പന്തിൽ റാഷിദ് ഖാന് പിടികൊടുത്തായിരുന്നു മേയർസ് പുറത്തേക്ക് നടന്നത് .പിന്നീടിറങ്ങിയ ദീപക് ഹൂഡ (11 പന്തിൽ 11), മാർ‌കസ് സ്റ്റോയ്നിസ് (ഒൻപതു പന്തിൽ‌ നാല്), നിക്കോളാസ് പുരാൻ (ആറ് പന്തിൽ മൂന്ന്) എന്നിവർക്ക് സാഹചര്യത്തിനൊത്ത് തിളങ്ങാനായില്ല.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തിൽ 21 റൺസെടുത്തു പുറത്തായി. ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ‌ തന്നെ ഡക്കായി മടങ്ങി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറുകളിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 227 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായി ഇറങ്ങിയ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും തകർത്തടിച്ചതോടെ ഗുജറാത്ത് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. ഏഴു ബൗളർമാരെക്കൂടാതെ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും പന്തെറിഞ്ഞെങ്കിലും ഗുജറാത്ത് ബാറ്റർമാക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല.

43 പന്തിൽ നിന്നാണ് സാഹ 81 റൺസെടുത്തത്. പതിമൂന്നാം ഓവറിൽ ആവേശ് ഖാൻ സാഹയെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഗുജറാത്ത് ഇതിലും മികച്ച സ്കോറിലെത്തുമായിരുന്നു. ഇതിനുശേഷം ഗുജറത്തിന്റെ റൺ നിരക്ക് കാര്യമായ രീതിയിൽ കുറഞ്ഞു. അതെ സമയം 51 പന്തിൽ 2 ഫോറും 7 സിക്സും അടക്കം 94 റൺസെടുത്ത മറ്റൊരു ഓപ്പണർ ഗില്ലിന് ആറ് റൺസ് അകലെ സെഞ്ചുറി നഷ്ടമായി. സാഹക്ക് ശേഷം എത്തിയ ഹർദിക് പാണ്ഡ്യ ഇന്നും നിരാശപ്പെടുത്തി.

പുറകെയെത്തിയ മില്ലർ ജിലിന് പിന്തുണ നൽകിയതോടെ ടീം സ്കോർ 200 കടന്നു. ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി ആദ്യ മത്സരം കളിച്ച സ്വപ്നിൽ സിംഗ് മാത്രമാണ് ബൗളിംഗ് നിരയിൽ കാര്യമായി അടി വാങ്ങാത്തത്. ഒരു ഓവർ മാത്രമെറിഞ്ഞ താരം ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത് .

Related Articles

Latest Articles