ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ദില്ലിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയിനിന്റെ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ നിന്നെത്തുന്ന 200 വിദ്യാര്‍ത്ഥികളില്‍ ഹര്‍ജോതും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥിയുടെ ഒപ്പമുണ്ട്. പോളണ്ട് ക്രമീകരിച്ചു നല്‍കിയ പ്രത്യേക ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുമായി ചർച്ച നടത്തി. ഇന്ത്യൻ രക്ഷാദൗത്യത്തിനു യുക്രെയ്ൻ പ്രധാനമന്ത്രിയുടെ പിന്തുണ മോദി അഭ്യർത്ഥിച്ചു.
സെലൻസ്‌കിയുമായി ഫോണിലാണ് സംസാരിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വെടിനിർത്തലും ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമുൾപ്പെടെ സംഭാഷണത്തിൽ ചർച്ചയായതായാണ് വിവരം.
സുമിയിൽ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ യുദ്ധമേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതടക്കം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണു ചർച്ച നടന്നത്.

