Sunday, May 19, 2024
spot_img

20 വർഷം പാർട്ടി കുത്തകയാക്കിവച്ചിരുന്ന രാമനഗര മണ്ഡലം കൈവിട്ട് ജെ.ഡി.എസ്.തോൽവിയേറ്റുവാങ്ങി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി

മൈസൂരു: രണ്ടുപതിറ്റാണ്ടിലേറെയായി പാർട്ടി കോട്ടയായി നിലകൊണ്ട രാമനഗര മണ്ഡലം ഇത്തവണ നഷ്ടമാക്കി ജെ.ഡി.എസ്. എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് പക്ഷേ കാലിടറുകയായിരുന്നു. . ദേവഗൗഡ കുടുംബത്തിലെ ഇളംതലമുറക്കാരനെ രാമനഗര മണ്ഡലം കയ്യൊഴിഞ്ഞതിന്റെ ഞെട്ടലിലാണ് ജെ.ഡി.എസ്. നേതൃത്വവും പ്രവര്‍ത്തകരും. 2004 മുതല്‍ ജെ.ഡി.എസ്. അല്ലാതെ മറ്റൊരു പാർട്ടി ഇവിടെ വിജയിച്ചിട്ടില്ല.

കുമാരസ്വാമിയുടെ പഞ്ചരത്‌ന യാത്രയും നിഖിലിന്റെ നാടിളക്കിയുള്ള പ്രചരണവും തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കും എന്നാണ് ജെ.ഡി.എസ് കരുതിയത്.എന്നാൽ ഫലം പുറത്തുവന്നതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.

സിനിമ നടനും യുവ ജനതാദള്‍ അദ്ധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള ആദ്യമത്സരമായിരുന്നു ഇത്. പാര്‍ട്ടിയുടെ ഉറച്ചകോട്ടയെന്ന് കരുതിയ രാമനഗരയില്‍ വമ്പൻ ഭൂരിപക്ഷത്തിലുള്ള വിജയം മനസ്സിൽ കണ്ടാണ് നിഖില്‍ കുമാരസ്വാമിയെ ഇവിടെ തന്നെ കന്നിയങ്കത്തിൽ സ്ഥാനാർത്ഥിയാക്കിയത്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍നിന്നും നിഖില്‍ കുമാരസ്വാമി ജനവിധി തേടിയിരുന്നെങ്കിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച നടി സുമലതയോട് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ 1994-ല്‍ രാമനഗരയില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. 2004-ലും 2018-ലും എച്ച്.ഡി.കുമാരസ്വാമിയും ഇവിടെ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. 2018-ല്‍ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ച കുമാരസ്വാമി പിന്നീട് രാമനഗരയിലെ എം.എല്‍.എ. സ്ഥാനം രാജിവെച്ചു. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ അനിത കുമാരസ്വാമിയാണ് ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിലും ജെ.ഡി.എസ്. വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അനിത കുമാരസ്വാമി വ്യക്തമാക്കിയതോടെയാണ് മകന്‍ നിഖില്‍ കുമാരസ്വാമിയെ രാമനഗരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Related Articles

Latest Articles