ഗാസ: ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയായി. ഗാസയിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ ഇസ്രായേൽ പൂർണ്ണമായും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. മറുഭാഗത്ത് ഇസ്രയേൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ യുദ്ധം തുടരും എന്ന നിലപാടിലായിരുന്നു ഇസ്രയേൽ. മറു ഭാഗത്ത് ബന്ദികളെ മുന്നോട്ട് വച്ചായിരുന്നു ഹമാസിന്റെ പ്രതിരോധം. ബന്ദികളെ പൂർണമായും വിട്ടയക്കുന്നതിലൂടെ വിലപേശലിന്റെ യാതൊരു സമ്മർദവുമില്ലാതെ വേണ്ടിവന്നാൽ വീണ്ടും സൈനിക നടപടി തുടങ്ങാനും ഇസ്രായേലിന് സാധിക്കും.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സഹമന്ത്രിമാരെ ഇക്കാര്യത്തിൽ ധാരണയിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്യാബിനറ്റ് അനുമതി ലഭിച്ചാൽ മാത്രമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യ ഘട്ടം നടപ്പിലാവുക.
ഗാസയിൽ രണ്ടു വർഷമായി തുടരുന്ന അശാന്തി അവസാനിപ്പിക്കാനുള്ള ശ്രമത്തിന് ലോകനേതാക്കൾ ഇരു കൈകളും നീട്ടിയാണ് സ്വാഗതം ചെയ്തത്. രണ്ട് വർഷം നീണ്ട് ചിന്തിക്കാവുന്നതിലും അപ്പുറമായ കഷ്ടപ്പാടിന് വിരാമം ആകുന്നത് അശ്വാസമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വിശദമാക്കിയത്. വളരെ അധികം ആശ്വാസം നൽകുന്നതാണ് ഈ നിമിഷമെന്നും പ്രത്യേകിച്ച് ബന്ദികൾ ആക്കപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും ഗാസയിലെ സാധാരണക്കാർക്കും ആശ്വാസമാണ് നീക്കമെന്നും കെയ്ർ സ്റ്റാർമർ പ്രതികരിച്ചു.

