തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഭീകര സംഘടനയായ ഹമാസ്. സംഘടനയുടെ ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഇന്നലെ നടന്ന ആക്രമണത്തിലാണ് യഹിയ കൊല്ലപ്പെട്ടത്. ഇയാളുടെ അവസാന നിമിഷണങ്ങളുടെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹിയ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. യഹിയയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ നരനായാട്ടിന്റെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്. തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി.

