Wednesday, January 7, 2026

‘471 പേർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ അല്ല, ഗാസയിലെ ആശുപത്രിയിൽ പതിച്ചത് ഹമാസ് ഭീകരവാദികൾ തൊടുത്ത മിസൈൽ തന്നെ’; ഋഷി സുനക്

ലണ്ടൻ: ഗാസയിലെ ആശുപത്രിയിൽ പതിച്ചത് ഗാസയ്‌ക്കുള്ളിൽ നിന്ന് തന്നെ തൊടുത്ത മിസൈൽ ആണെന്നും സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ അല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരവാദികൾ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് ലക്ഷ്യം തെറ്റി
ആശുപത്രിയിലേക്ക് പതിക്കുകയായിരുന്നുവെന്നും, ഇത് സംബന്ധിച്ച് വിവരം കിട്ടിയതായും ഋഷി സുനക് പറഞ്ഞു.

ബ്രിട്ടീഷ് പാർലമെന്റിലാണ് ഋഷി സുനക് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ തൊടുത്ത മിസൈൽ ഗാസയിലെ ആശുപത്രിയിൽ പതിച്ച് നിരവധി പേർ കൊല്ലപ്പെട്ടുവെന്ന തരത്തിലാണ് പല മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തത്. ഇത് തെറ്റാണെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ വിലയിരുത്തലെന്നും ഋഷി സുനക് പറയുന്നു. അമേരിക്കയും ഫ്രാൻസും കാനഡയും സമാന ആരോപണം ഹമാസിനെതിരെ ഉന്നയിച്ചിരുന്നു.

ഗാസയിലെ അൽ അഹലി അൽ അറബി ആശുപത്രിയിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ 471 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ പറഞ്ഞിരുന്നു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണമാണെന്നാണ് ഹമാസ് ആരോപിച്ചത്. എന്നാൽ ഹമാസിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ആശുപത്രിയിലെ സ്‌ഫോടനത്തിന് കാരണമായത് എന്ന് ഇസ്രായേൽ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles