ടെൽ അവീവ്: നാല് ദിവസങ്ങളായി തുടരുന്ന ഭീകരാക്രമണത്തിൽ ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ കൊലപ്പെടുത്തിയതോ തട്ടിക്കൊണ്ടുപോയതോ ആയ ആളുകളിൽ ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരും ഉൾക്കൊള്ളുന്നുവെന്ന് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 11 അമേരിക്കക്കാരും 18 തായ്‌ലൻഡുകാരും ഏഴു അർജന്റീനക്കാരും ഉൾക്കൊള്ളുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുപ്പതുപേരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതായും സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.
ആയുധധാരികളായ ഹമാസ് തീവ്രവാദികൾ ഇപ്പോഴും ഇസ്രയേലിനുള്ളിലെ ജനവാസ മേഖലകളിൽ മറഞ്ഞിരിപ്പുണ്ട്. മുപ്പത് പേരെ ഗാസയിൽ കടത്തിക്കൊണ്ട് പോയതായി സ്ഥിരീകരണമുണ്ടെങ്കിലും ബാക്കി നൂറിലേറെ ബന്ദികളെ എവിടെയാണ് ഹമാസ് മറച്ചുവച്ചിരിക്കുന്നു എന്നതിൽ നിലവിൽ യാതൊരു സ്ഥിരീകരണവുമില്ല. ഇസ്രയേലിന്റെ പ്രത്യാക്രമണ തീവ്രത കുറയ്ക്കാനായി വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി.
ഗാസയിലെ പാലസ്തീൻകാരോട് റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന നിർദേശം നൽകിയിരുന്നുവെങ്കിലും ഈജിപ്ത് അതിർത്തി അടച്ചതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. ഇന്നലെ രാത്രി ഗാസയിലെ 200 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രണത്തിൽ ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകർത്തു. ഗാസ അതിർത്തിയുടെ നിയന്ത്രണം പൂർണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്ത അതിർത്തിയിലെ വേലികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടത്തിവരികയാണ്. അവിടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.
ശനിയാഴ്ച കടൽ വഴിയും പാരാഗ്ലൈഡർമാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ഇത് കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇസ്രയേലിനുള്ളിൽ സൈന്യം ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഇസ്രയേലിന് ഉള്ളിലേക്ക് വീണ്ടും വെടിയുതിർത്തു. തിരിച്ചടിയായി ലെബനനിൽ ഇസ്രയേൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ആറ് ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു ഇസ്രയേലി സൈനികനും ജീവൻ നഷ്ടമായി.
അതേ സമയം, അമേരിക്കൻ ആണവ പടക്കപ്പലായ യുഎസ്എസ്. ജെറാൾഡ് ആർ ഫോർഡ് ഇന്നലെ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടിരുന്നുവെങ്കിലും ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും വൈറ്റ് ഹൗസ് അധികൃതർ സ്ഥിരീകരിച്ചു. പ്രശ്‌നത്തിൽ ഇടപെടരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

