Wednesday, December 31, 2025

ഒടുവില്‍ അഫീല്‍ മരണത്തിനു കീഴടങ്ങി: ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ കുട്ടി മരിച്ചു

കോട്ടയം: പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണ് മരിച്ചത്. അത്‌ലറ്റിക് മീറ്റിലെ വളന്റിയറായിരുന്നു അഫീല്‍ ജോണ്‍സണ്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ നാലിനാണ് അത്‌ലറ്റിക് മീറ്റിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വീണത്.

പാല സെന്റ് തോമസ് ഹയര്‍സെക്കന്റി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഫീല്‍. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അഫീല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Latest Articles