Monday, May 13, 2024
spot_img

കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്തെങ്കിലും കുത്തിക്കുറിച്ച് കൊടുത്താൽ ഡോക്ടറേറ്റ് കൊടുക്കലാണോ സർവ്വകലാശാലകളുടെ പണി? ചിന്തയുടെ അബദ്ധങ്ങൾക്ക് നൽകിയ ഡോക്ടറേറ്റ് വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങളും; പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി ലളിതാ ചങ്ങമ്പുഴയും

തിരുവനന്തപുരം: സിപിഎം നേതാവും യുവജന കമ്മീഷൻ ചെയർപേഴ്സണുമായ ചിന്താ ജെറോമിന്റെ പി എച് ഡി വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചിന്തയുടെ പി എച് ഡി പ്രബന്ധത്തിൽ വസ്തുതാപരമായ പിഴവുകളും അക്ഷരത്തെറ്റുകളും വ്യാപകമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് സമൂഹമദ്ധ്യമങ്ങളിൽ ചിന്തക്കെതിരെ ട്രോളുകൾ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഈ ട്രോളുകൾ കടുത്ത വിമർശനങ്ങൾക്ക് വഴിമാറുകയാണ്. ചിന്തക്ക് ഡോക്ടറേറ്റ് നൽകിയത് 2021 ൽ കേരളാ യൂണിവേഴ്സിറ്റിയാണ്. അന്നത്തെ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലറാണ് ഗവേഷണത്തിൽ ചിന്തയുടെ ഗൈഡ്. കമ്മ്യൂണിസ്റ്റ് നേതാക്കൾ കുത്തിക്കുറിച്ച് നൽകുന്ന ഏതു മണ്ടത്തരങ്ങൾക്കും കേരളത്തിലെ സർവ്വകലാശാലകൾ ഡോക്ടറേറ്റ് നൽകുകയാണെന്ന് ആക്ഷേപം വ്യാപകമാകുകയാണ്. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളി എഴുതിയതാണെന്ന തെറ്റായ പരാമർശമാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. ഇത്തരം മണ്ടത്തരങ്ങൾക്കാണ് കേരള സർവ്വകലാശാല ഡോക്ടറേറ്റ് നൽകുന്നതെന്ന ആക്ഷേപം ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. സംസ്ഥാന സർവ്വകലാശാലകളുടെ നിലവാരം കളയുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർവ്വകലാശാലകളിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് വിമർശനമുയരുന്നു. നേരത്തെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയതും സമാന വിഷയം തന്നെയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയേയും തകർക്കുന്ന കാര്യങ്ങളാണ് സർവ്വകലാശാലകളിൽ നടക്കുന്നത്.

അതേസമയം അനധികൃത ഇടപെടലുകളിലൂടെ നേടിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും സമാന ആവശ്യവുമായി രംഗത്ത് വന്നുകഴിഞ്ഞു. ഇത് പൊറുക്കാനാകാത്ത പിഴവാണെന്നും ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്നും അവർ പ്രതികരിച്ചു. കവി ബാലചന്ദ്രൻ ചുള്ളിക്കാടും സംസ്ഥാനത്തെ സർവ്വകലാശാലകൾ ഗവേഷണത്തെ ഗൗരവമായി കാണുന്നില്ലെന്ന് തെളിവ് സഹിതം ആരോപിച്ചിരുന്നു. ചിന്തയുടെ വിഷയത്തിൽ ഗൈഡ് അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമുഖർ രംഗത്ത്‌വരികയാണ്.

Related Articles

Latest Articles