Tuesday, December 23, 2025

അയ്യപ്പന് പിറന്നാളൊരുക്കം !! ശബരിമല ഉത്രം ഉൽസവത്തിന് കൊടിയേറി

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോൽസവത്തിന് കൊടിയേറി. രാവിലെ 8.20 നും 9 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് കൊടിയേറ്റ് നടത്തിയത്. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, മനുനമ്പൂതിരി എന്നിവർ സഹകർമ്മികളായിരുന്നു.

കൊടിയേറ്റിനോടനുബന്ധിച്ച് പുലർച്ചെ 4 മണിക്കാണ് ഇന്ന് ക്ഷേത്ര തിരുനട തുറന്നത്. തുടർന്ന് പതിവ് അഭിഷേകവും ഗണപതി ഹോമവും നെയ്യഭിഷേകവും പൂജകളും നടന്നു. ശേഷം മണ്ഡപത്തിൽ വച്ച് കൊടിക്കുറയും കയറും പൂജിച്ച് ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോയി പൂജചെയ്തു. തുടർന്ന് കൊടിമരത്തിന് മുന്നിലെ പൂജകൾക്ക് ശേഷം കൊടിയേറ്റ് നടത്തുകയും ചെയ്തു. ഇതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉൽസവത്തിനും തുടക്കമായിരിക്കുകയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി.ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് ഓഫീസർ വിനോദ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടിൽ ദീപാരാധനയും പറയിടൽ ചടങ്ങും നടന്നു. ശബരിമല അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റുന്ന വെളിനെല്ലൂർ മണികണ്ഠന് ദേവസ്വം പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അയ്യപ്പ രൂപം ആലേഖനം ചെയ്ത ഗോളകം സമ്മാനിച്ചു. മാർച്ച് 24 ന് ആണ് പള്ളിവേട്ട നടക്കുന്നത്. 25 ന് ഉച്ചക്ക് പമ്പയിൽ ആറാട്ടും നടക്കുന്നതായിരിക്കും.

Related Articles

Latest Articles