Monday, September 21, 2026

പല്ലിയുടെ കടിയേറ്റ് 52-കാരന് ദാരുണാന്ത്യം; ഹൃദയത്തിന്റെയും കരളിന്റേയും പ്രവർത്തനങ്ങളെ പല്ലിയുടെ വിഷം ബാധിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊളറാഡോ: പല്ലിയുടെ കടിയേറ്റ് 52-കാരൻ മരിച്ചു. യുഎസിലെ കൊളറാഡോ സ്വദേശി ക്രിസ്റ്റഫർ വാർഡാണ് വളർത്തു പല്ലിയുടെ കടിയേറ്റ് മരിച്ചത്. ഇയാൾ ​ഗില മോൺസ്റ്റേഴ്സ് വിഭാ​ഗത്തിൽപ്പെട്ട രണ്ട് പല്ലികളെ വളർത്തിയിരുന്നു.

കടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും നാല് ദിവസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയത്തിന്റെയും കരളിന്റേയും പ്രവർത്തനങ്ങളെ പല്ലിയുടെ വിഷം ബാധിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് മിനിറ്റോളം പല്ലി കടിച്ചതായും ശേഷം അബോധാവസ്ഥയിലായ ക്രിസ്റ്റഫറിനെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്താൻ വൈകിയതിനാൽ ക്രിസ്റ്റഫറിന്റെ നില ​ഗുരുതരമായിരുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുഎസിൽ ആദ്യമായാണ് ​ഗില മോൺസ്റ്റർ കടിച്ചതിനെ തുടർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫറിന്റെ മരണത്തിന് ശേഷം രണ്ട് വളർത്തുപല്ലികളെയും അദ്ദേഹത്തിന്റെ സുഹൃത്ത് അനിമൽ കൺട്രോൾ ഓഫീസിൽ ഏൽപ്പിച്ചു.

Related Articles

Latest Articles