തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പ്രതിയായ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കേസിൽ എംഎൽഎയുടെ പെരുമ്പാവൂരുള്ള വീട്ടിലെത്തി ഇന്ന് തെളിവെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിൽ വെച്ചും എൽദോസ് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
പീഡന പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്ന് കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

