തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ പ്രതികരണം. അവസാനം സത്യം തെളിയുമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താൻ ബാംഗ്ലൂരിൽ ഇല്ലാത്തതിനാൽ, തന്റെ അഭിഭാഷകൻ മുഖേന ഇക്കാര്യം അറിയിച്ചതായും പ്രജ്വൽ കുറിച്ചു. എന്നാൽ ഇക്കാര്യം പോസ്റ്റ് ചെയ്തത് പ്രജ്വൽ തന്നെയാണോ അതോ അയാളുടെ സോഷ്യൽ മീഡിയ ടീം ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചു. ഇരുവരോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്.
പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകൾ ഉൾപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസിൽ സമൻസ് അയച്ചിരിക്കുന്നത്.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

