Saturday, May 11, 2024
spot_img

ഹരിപ്പാട് ലോക്കപ്പ് മർദ്ദനം ; 7 പൊലീസുകാര്‍ക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2017 ഒക്ടോബറിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അരുണിന് പൊലീസിന്റെ ക്രൂര മര്‍ദനമേറ്റത്.

യുഡിഎഫ് നടത്തിയ ഹർത്താൽ ദിനം ബൈക്കിൽ യാത്രചെയ്ത അരുണിനെ, ബസിനു നേരെ കല്ലെറിഞ്ഞെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് ശേഷം സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് അരുണിന്റെ പരാതി. അന്നു സിഐ ആയിരുന്ന ഇപ്പോഴത്തെ ഡിവൈഎസ്പി മനോജ് തന്റെ കരണത്തടിക്കുകയും വൃഷണം പിടിച്ചു ഞെരിക്കുകയും ചെയ്തെന്ന് അരുണിന്റെ പരാതിയിൽ പരാമർശിക്കുന്നു. ഇത് കൂടാതെ പൊലീസുകാർ കുനിച്ചുനിർത്തി ഇടിക്കുകയും നടുവിന് പരുക്കേൽപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ യാതൊരു നടപടിയുണ്ടാകാത്തതിനെ തുടർന്ന് അരുൺ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. തുടർന്ന് അരുണിന്റെ മൊഴി രേഖപ്പെടുത്തിയ കമ്മിഷൻ, പൊലീസുകാർക്കെതിരെ കേസെടുക്കാൻ കഴിഞ്ഞമാസം നിർദേശം നൽകി. ഇതനുസരിച്ചാണ് ഹരിപ്പാട് പൊലീസ് കുറ്റക്കാരായ ഏഴ് പോലീസുകാർക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Latest Articles