Friday, January 9, 2026

ഹരിയാന വിധിയെഴുതുന്നു; മൂന്നാം തവണയും സർക്കാറുണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ ബിജെപി; പത്തുവർഷത്തിന് ശേഷം സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സും

ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതൽ വൈകുന്നേരം 6. 30 വരെയാണ് പോളിങ്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്‌തു. മുഖ്യമന്ത്രി നായബ്‌ സിംഗ് സെയ്‌നിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടുന്ന ബിജെപി മൂന്നാം തവണയും സർക്കാറുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ സംസ്ഥാനത്ത് പത്തുവർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 46 സീറ്റുകൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമാണ്.

കോൺഗ്രസ്സും ബിജെപിയും ഉൾപ്പെടെ ശക്തമായ പ്രചാരണം തന്നെയാണ് സംസ്ഥാനത്ത് നടത്തിയത്. സംസ്ഥാന, ദേശീയ നേതാക്കൾ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു. ഭരണ വിരുദ്ധ വികാരം, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കർഷക സമരങ്ങൾ എന്നിവയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസ്സും ബിജെപിയും ആംആദ്‌മി പാർട്ടിയും സജീവമായി പ്രചാരണരംഗത്തുണ്ട്. കൂടാതെ നാഷണൽ ലോക് ദൾ, സമാജ്‌വാദി പാർട്ടി, ജൻ നായക് പാർട്ടി, ആസാദ് സമാജ് പാർട്ടി തുടങ്ങിയ രാഷ്ട്രീയപ്പാർട്ടികളും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

രണ്ടുകോടിയിൽപ്പരം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 20000 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 90 ൽ 40 സീറ്റുകൾ നേടിയിരുന്നു. 10 സീറ്റുകൾ നേടിയ ജെ ജെ പി യുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. കോൺഗ്രസിന് 31 സീറ്റുകൾ മാത്രമാണ് നേടാനായത്.

Related Articles

Latest Articles