തൃശൂർ : കാലവർഷം കനത്തത്തോടെ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ തൃശൂരിൽ ആഞ്ഞു വീശിയ മിന്നൽച്ചുഴലിയിൽ കൃഷി നാശവും വ്യാപക നാശനഷ്ടങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആളൂർ പഞ്ചായത്തിൽ ആളൂർ, താഴേക്കാട് ഭാഗങ്ങളിൽ രാവിലെ പതിനൊന്നര മണിയോടെയാണ് മിന്നൽച്ചുഴലിയുണ്ടായത്. ഒന്നരമിനിറ്റോളം നീണ്ട ചുഴലിയിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലും റോഡിലും വീണു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ് .
കനത്ത മഴയിലും കാറ്റിലും കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണു മതിൽ ഇടിഞ്ഞത്. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പെരിന്തൽമണ്ണയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്ഐ പള്ളി മഴയിൽ തകർന്നു.

