Thursday, September 24, 2026

പി.എസ്.സി പരീക്ഷാതട്ടിപ്പുകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്; ആരോപണങ്ങള്‍ ഗുരുതരമെന്ന് കോടതി

കൊച്ചി: പി.എസ്.സി പരീക്ഷാ തട്ടിപ്പ് ആരോപണങ്ങള്‍ ഗുരുതരമെന്ന് ഹൈക്കോടതി. കേസില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത് . ആരോപണങ്ങള്‍ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡിജിപിയോടും സിബിഐയോടും നിലപാട് അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് നല്ല രീതിയില്‍ നടത്തുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹര്‍ജി നല്‍കിയവര്‍ കായിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ ആണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കുത്ത്‌കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്.

ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വന്‍ പരീക്ഷാ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയിരുന്നു.

Related Articles

Latest Articles