Tuesday, May 21, 2024
spot_img

അയോധ്യ കേസ് അവസാന ഘട്ടത്തിലേക്ക്; അടുത്തമാസം 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി. കേസില്‍ വാദം നടക്കുന്നതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും പരമോന്നത കോടതി തീരുമാനിച്ചു. കക്ഷികള്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വാദം 26ാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനുമുമ്പ് വിധിയുണ്ടാകും.

അയോധ്യ ഭൂമി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ഹിന്ദു-മുസ്ലിം കക്ഷികള്‍ തങ്ങളെ സമീപിച്ചെന്ന് മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ തടസപ്പെടുത്താതെ മധ്യസ്ഥ നീക്കങ്ങള്‍ നടത്താനാണ് നിര്‍മോഹി അഖാഡയും സുന്നീ വഖഫ് ബോര്‍ഡും അഭ്യര്‍ഥിച്ചതെന്നും സമിതി സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു.

ജസ്റ്റീസ് ഇബ്രാഹീം ഖലീഫുല്ല ആണ് മധ്യസ്ഥ സമിതിയുടെ അധ്യക്ഷന്‍. ശ്രീശ്രീ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മധ്യസ്ഥനീക്കം പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഓഗസ്റ്റ് ആദ്യവാരം മുതല്‍ കേസില്‍ അന്തിമ വാദം തുടങ്ങിയത്.

Related Articles

Latest Articles