Monday, December 22, 2025

ദേവികുളം വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ;സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം

കൊച്ചി : ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ.
സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്.

പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹ‍ർജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.

പട്ടിക ജാതിസംവരണ വിഭാഗത്തിൽപ്പെട്ട മണ്ഡലത്തിൽ രാജയുടെ നാമനിർദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീ‍ക്കർക്കും സർക്കാരിനും കൈമാറാനും കോടതി നിർദേശിച്ചു.

Related Articles

Latest Articles