Saturday, January 10, 2026

വാഹനാപകടം എന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു;സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍ പോലീസിന് വിവരം കൈമാറി;ഓടി രക്ഷപെട്ട പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടി;അറസ്റ്റ്

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നാളിയാനിയിൽ മദ്യപിക്കുന്നതിനിടെ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ സുഹൃത്തിനെ റബര്‍ വെട്ടുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തികൊന്നു.പൂമാല നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ സാം ജോസഫാണ് മരിച്ചത്.കൊലപാതകത്തിന് ശേഷം വാഹനാപകടം എന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചു.എന്നാൽ പ്രതികളെ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ത‍‍ർക്കം ഉണ്ടായപ്പോൾ ഒരാൾ കയ്യിലുണ്ടായിരുന്ന റബർ വെട്ടുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്‍റെ കഴുത്തിലാണ് കുത്ത് ഏറ്റത്. കുത്തേറ്റതിന് പിന്നാലെ സാമിനെ പ്രതികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ എത്തുമ്പോഴേക്കും സാം മരിച്ചിരുന്നു.

വാഹനാപകടത്തിലുള്ള പരിക്കാണ് കഴുത്തിലേതെന്നായിരുന്നു കൊണ്ടുവന്ന സുഹൃത്തുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍ പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് ആശുപത്രിയിലെത്തി. പോലീസിനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ പോലീസിന്‍റെ തിരച്ചിലിൽ പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പിടികൂടി. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂമാല സ്വദേശികളായ ജിതിൻ പത്രോസ് , ആഷിക് ജോർജ് , പ്രിയൻ പ്രേമൻ എന്നവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles