Thursday, April 25, 2024
spot_img

ഇതു മനുഷ്യ വിരുദ്ധം: തലയില്‍ ചുമട് എടുക്കരുത്; ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി

കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മനുഷ്യ വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി ഇത് നിരോധിക്കേണ്ടതാണെന്ന് വ്യക്തമാക്കി. മാത്രമല്ല ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി പറഞ്ഞു.

ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ തലച്ചുമട് എന്ന ജോലിയില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ പ്രസ്താവന. ലോഡിങ് പണി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കുകയും അതിന് പരിശീലനം നല്‍കുകയും വേണമെന്ന് കോടതി പറഞ്ഞു. തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുക എന്നത് കോടതിയുടെ ഉദ്ദേശ്യമല്ലെന്ന് ബെഞ്ച് വിശദീകരിച്ചു.

യന്ത്രങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് തലച്ചുമട് എടുത്തിരുന്നതെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. ചുമട്ട് തൊഴിലാളികളില്‍ ചിലര്‍ക്ക് തലച്ചുമട് എടുക്കണമെന്ന ആഗ്രഹത്തിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. അതേസമയം തൊഴിലാളികളെ സംരക്ഷിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Related Articles

Latest Articles