Saturday, May 4, 2024
spot_img

കേരളത്തിൽ ഡെങ്കിപ്പനി നിറയുന്നു; ഏറ്റവും കൂടുതൽ രോഗികൾ തലസ്ഥാനത്ത്, ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. കോവിഡിനെക്കാള്‍ വേഗത്തില്‍ വൈറല്‍ പനി പടരുകയാണ്. കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രികള്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. ദിവസേന 12000 ത്തിന് മുകളില്‍ രോഗികള്‍ വൈറല്‍ പനി ബാധിതരായി ചികിത്സ തേടുന്നുണ്ടെന്നാണ് കണക്കുകള്‍. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോള്‍ ഈ കണക്ക് കുതിക്കും.

ഇപ്പോഴത്തെ പനി പകര്‍ച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ദ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ മഴക്കാലത്ത് ഉണ്ടാകുന്ന പനികളില്‍ 15 മുതല്‍ 20 ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. അങ്ങനെ എങ്കില്‍ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ രോഗ വ്യാപനം രൂക്ഷമാകും.

മുന്‍പ് 2017ലാണ് കേരളത്തില്‍ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാന്‍ പനിയുടെ തുടക്കത്തില്‍ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ അങ്ങനെ തുടങ്ങി താഴേ തട്ടിലുള്ള ആശുപത്രികളില്‍ ഡെങ്കി പരിശോധനക്ക് ആവശ്യമായ കിറ്റുകളില്ലെന്നത് തിരിച്ചടിയാണ്.

ഡെങ്കിപ്പനി ഒരിക്കല്‍ ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ അത് ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ഒരു പക്ഷേ ആകെ കണക്കില്‍ 70ശതമാനം വരെ രോഗബാധിതര്‍ തലസ്ഥാന ജില്ലയിലാണ്.

Related Articles

Latest Articles