Thursday, April 25, 2024
spot_img

ബോക്സ് ഓഫീസില്‍ നിറഞ്ഞാടി കമൽഹാസന്റെ വിക്രം; തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിക്കൂട്ടിയത് 150 കോടി, ആകെ കളക്ഷന്‍ 360 കോടി കടന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിക്രം ബോക്സ് ഓഫീസ് വേട്ട തുടരുന്നു. ജൂണ്‍ മൂന്നിന് റിലീസായ ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോഡുകളാണ് തകർത്തത്. പതിനാറ് ദിവസങ്ങള്‍ കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയ്ക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടി കഴിഞ്ഞു. ആദ്യ ദിനം മുതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മിക്ക തിയേറ്ററുകളിലും ഇപ്പോളും ഹൗസ്ഫുള്‍ ആയാണ് പ്രദർശനം തുടരുന്നത്.

ചിത്രത്തിന്റെ ആകെ കളക്ഷന്‍ 360 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, കമല്‍ ഹാസന്റെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വിക്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കിയിരുന്നു.

ചിത്രത്തില്‍ മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും അണിനിരന്നിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles