Sunday, May 19, 2024
spot_img

നിപ വൈറസ് ബാധ; ലക്ഷണം ഉണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് എന്തു കാരണത്താലാണെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ലക്ഷണം ഉണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പന്ത്രണ്ടുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ലക്ഷണം തിരിച്ചറിയാതെ പോയതും, സ്രവം എടുക്കാതിരുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാത്രമല്ല 2018 ല്‍ നിപ ഉണ്ടായതിന്റെ പരിചയമുണ്ടായിട്ടും എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോയതെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് എവിടെനിന്നാണ് നിപ ബാധിച്ചതെന്ന് കണ്ടെത്താനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പനി ബാധിച്ച ശേഷം കുട്ടിയുമായി മാതാപിതാക്കള്‍ മൂന്ന് ആശുപത്രികളില്‍ പോയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ രോഗ സാധ്യതയുള്ളത്. ഇവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മുഴുവന്‍ പേരെയും കണ്ടെത്തുമെന്നും കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും വിശദവിവരങ്ങള്‍ കലക്ടറേറ്റില്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം വിശദീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ (04952382500, 04952382800) ബന്ധപ്പെടാം. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ നിപ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles