Monday, May 13, 2024
spot_img

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിശ്വനാഥന് സൂര്യാഘാതമേൽക്കുന്നത്. ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീണ വിശ്വനാഥനെ പള്ളൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകികണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വിശ്വനാഥന്റെ മരണം.

നേരത്തെ പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണം സൂര്യാഘാതമേറ്റത് മൂലമാണെന്ന് കണ്ടെത്തിയിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയെയാണ് (90) വീടിന് സമീപത്തുള്ള കനാലിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണമറിയാത്തതിനാൽ മരണത്തിൽ ദുരൂഹത നില നിന്നിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിൽ മരണകാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അതേസമയം കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്.

Related Articles

Latest Articles