Monday, April 29, 2024
spot_img

സംസ്ഥാനത്ത് മഴ കനക്കുന്നു; കാലം തെറ്റി ഇടിമിന്നലും; കരുതിയിരിക്കണമെന്ന് വിദഗ്ധര്‍

കോഴിക്കോട്: വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തും ശക്തമായ ഇടമിന്നലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലുണ്ടായ ഇടമിന്നലില്‍ 60 പേര്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും 100ല്‍ അധികം മരണങ്ങളാണ് ഇടിമിന്നലേറ്റ് നടക്കുന്നത്. 2007ലാണ് ഇത് സംബന്ധിച്ച അവസാന കണക്കെടുപ്പ് നടന്നത്. സംസ്ഥാന സര്‍ക്കാരും ഇത്തരത്തിലുള്ള അപകടത്തെ കാര്യമായി കാണുന്നില്ലെന്നതാണ് ഇത് വ്യക്തമാകുന്നത്. എന്നാൽ വിഷയത്തിൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

എന്നാൽ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തും കേരളത്തില്‍ ഇടി മിന്നല്‍ കണ്ടുവരുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി. മുമ്പ് വേനല്‍മഴയിലും തുലാമഴയുടെ സമയത്തുമായിരുന്നു ഇത്തരത്തില്‍ ഇടിമിന്നലുണ്ടാവുക. അന്തരീക്ഷത്തിലെ കൂടിയ ജലാശംവും പഞ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യവും കേരളത്തില്‍ മിന്നലുകള്‍ എത്താന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 65 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles