ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 26 പേരോളം ആൾക്കാരാണ് മരിച്ചത്. 10 പേരെ കാണാതാവുകയും ചെയ്തു. നിരവധിപ്പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. ജൂലൈ 9 മുതൽ ദക്ഷിണ കൊറിയയിൽ കനത്ത മഴ തുടരുകയാണ്. മഴയെത്തുടർന്ന് 5,570 ഓളം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായെന്നും 25,470 വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നും മന്ത്രാലയ റിപ്പോർട്ട് പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിൽ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ചയും 20 വിമാനങ്ങൾ റദ്ദാക്കുകയും രാജ്യത്തെ സാധാരണ ട്രെയിൻ സർവീസും ചില ബുള്ളറ്റ് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചു. 200 ഓളം റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു

