Friday, June 14, 2024
spot_img

മഴയിൽ മുങ്ങി തലസ്ഥാനം; തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു; പാറശ്ശാലയിൽ നെയ്യാർ സബ് കനാൽ തകർന്നു; ആശങ്ക ഉയർത്തി പുതുക്കിയ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നലെ രാത്രിമുതൽ തകർത്തു പെയ്യുന്നമഴയിൽ മുങ്ങി തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും. താഴ്ന്ന പ്രദേശങ്ങളിൽ മഴമാറിയെങ്കിലും വെള്ളക്കെട്ട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ മഴ ഭീഷണി തുടരുകയും ചെയ്യുന്നു. കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിലേക്ക് വെള്ളം കയറിയതിനാലും, കുഴിത്തുറയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനാലും, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലേയ്ക്ക് വെള്ളം കയറിയതിനാലും ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടുണ്ട്. ദേശീയപാതയിൽ നെയ്യാറ്റിൻകര ഭാഗത്ത് മരം കടപുഴകിയതിനാൽ ഗതാഗത തടസ്സമുണ്ടായി. പാറശ്ശാലയിൽ നെയ്യാർ സബ് കനാൽ തകർന്ന് വൻ കൃഷിനാശമുണ്ടായി. കഴക്കൂട്ടം ടെക്നോപാർക്കിൽ വെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിനടിയിലായി.

വേളി പുഴക്കരയിൽ 3 വീടുകൾ തകർന്നു. വെങ്ങാനൂരിൽ വീടിനു മുകളിലൂടെ മണ്ണിടിച്ചിലുണ്ടായി. വെളിയിൽ പൊഴിമുറിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പൊഴി മുറിച്ചിട്ടും വേലിയേറ്റം കാരണം വെള്ളം ഇറങ്ങിയില്ല. അതിനിടെ മഴമുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതുക്കിയിട്ടുണ്ട്. കേരളത്തിൽ പരക്കെ ശക്തമായ മഴയുണ്ടാകുമെന്നാണ് പുതിയ മുന്നറിയിപ്പ്. അതേസമയം നഗരത്തിലെ പല ഭാഗങ്ങളിലും ജനങ്ങൾ വെള്ളക്കെട്ട് കാരണം ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായിട്ടും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കുന്നതിൽ അവ്യക്തതയുണ്ടെന്ന പരാതിയുണ്ട്.

Related Articles

Latest Articles