Saturday, May 18, 2024
spot_img

നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ ! തെലങ്കാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; പാർട്ടിക്കുള്ളിലെ അനീതിയും അവഗണനയും ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ പാർട്ടി വിട്ടു

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ എത്തി നിൽക്കെ തെലങ്കാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിക്കുള്ളിലെ അനീതിയും അവഗണനയും ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിന്റെ ആദ്യ അദ്ധ്യക്ഷൻ കൂടിയായ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ പാർട്ടി വിട്ടു.

“ഇത്തരം അന്യായമായ അന്തരീക്ഷത്തിൽ എനിക്ക് ഇനി ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്ന ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു,” ഐക്യ ആന്ധ്രാപ്രദേശിലെ മുൻ മന്ത്രി കൂടിയായ പൊന്നല ലക്ഷ്മയ്യ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ രാജിക്കത്തിൽ പറയുന്നു.

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് അർഹമായ ബഹുമാനവും അംഗീകാരവും നൽകുന്നില്ലെന്നും പുതുമുഖങ്ങളോട് പാർട്ടിക്കുള്ളിൽ പ്രീണനം ഉണ്ടെന്നും ലക്ഷ്മയ്യ ആരോപിച്ചു. തന്നെ ആഴത്തിൽ സ്വാധീനിച്ച രണ്ട് സംഭവങ്ങൾ അദ്ദേഹം പരാമർശിച്ചു.

പാർട്ടി ആശങ്കകൾ ചർച്ച ചെയ്യാൻ തന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കാണാൻ ദില്ലിയിൽ പത്തുദിവസം കാത്തുനിന്നതിന്റെ നിരാശ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജിക്കത്തിൽ കുറിച്ചു. .

പിന്നാക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ച് തെലങ്കാനയിൽ നിന്നുള്ള 50 പിന്നാക്ക വിഭാഗ നേതാക്കൾ ദില്ലിയിലേക്ക് പോയപ്പോൾ, അവർക്ക് എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ച പോലും നിഷേധിച്ചു. ഇത് തെലങ്കാന സംസ്ഥാനത്തിന് നാണക്കേടാണ്. അദ്ദേഹം ആരോപിച്ചു.

2014ൽ തെലങ്കാനയിൽ കോൺഗ്രസിന്റെ പരാജയത്തിൽ തന്നെ അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്നും ലക്ഷ്മയ്യ പറഞ്ഞു. 2015ൽ പിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും ലക്ഷ്മയ്യയെ നീക്കിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പരാതിപ്പെട്ടുകൊണ്ട് നിരവധി നേതാക്കളാണ് ഇപ്പോൾ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് പാർട്ടി വിടുന്നത്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 28.43 ശതമാനം വോട്ട് വിഹിതത്തോടെ 19 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നറിയപ്പെട്ടിരുന്ന ഭരണകക്ഷിയായ ബിആർഎസ് 47 ശതമാനം വോട്ട് വിഹിതത്തോടെ 88 സീറ്റുകളാണ് നേടിയത്.

Related Articles

Latest Articles