Wednesday, October 14, 2026

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണ് അപകടമുണ്ടായ സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ച് ഊര്‍ജ്ജ മന്ത്രാലയവും ഒഎന്‍ജിസിയും. അറബിക്കടലില്‍ തകർന്ന് വീണാണ് അപകടമുണ്ടായത്. 30 ലക്ഷം രൂപ വീതം മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്കാണ് നല്‍കുക.

കൂടാതെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ഇവർക്ക് ഇപിഎഫ്, വിരമിക്കല്‍ ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയവയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് സംഭവം. ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.

ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച്‌ ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഹെലികോപ്റ്ററില്‍ ആറ് ഒഎന്‍ജിസി ജീവനക്കാരും ഒഎന്‍ജിസിയ്ക്ക് വേണ്ടി കോണ്‍ട്രാക്‌ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles