ദില്ലി: ലോക്‌സഭയിൽ ബഹളം വച്ചതിന് എം പിമാരായ ടി.എൻ പ്രതാപൻ ഹൈബി ഈഡൻ എന്നിവർക്കെതിരെ സ്പീക്കർ കടുത്ത നടപടിക്കൊരുങ്ങുന്നു. എം പിമാരുടെ പ്രവർത്തിയിൽ സ്‌പീക്കർക്ക് കടുത്ത അതൃപ്തിയുണ്ട്. അഞ്ച് വർഷത്തേക്ക് പ്രതാപനെയും ഹൈബിയെയും സസ്‌പെൻഡ് ചെയ്യണമെന്ന നിർദേശവും സ്പീക്കറുടെ പരിഗണനയിലുണ്ട്.
മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ വലിയ ബാനർ ലോക്‌സഭയിൽ ഉയർത്തിയതിന് പ്രതാപനെയും ഹൈബിയേയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനിടെ രമ്യ ഹരിദാസ് എം പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം നടന്നെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച പുരുഷ എംപിമാരെ മാർഷൽമാർ പുറത്താക്കുന്നതിനിടെ രമ്യ ഹരിദാസ് തടസ്സം നിന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

