Sunday, May 19, 2024
spot_img

ലുലുമാളിനെതിരെ സംവിധായകന്റെ ഹർജി; ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനും, മാളിനും നോട്ടീസ്

കൊച്ചി: ലുലുമാളിനെതിരെ സംവിധായകൻ നൽകിയ ഹർജിയിൽ മാനേജ്‌മെന്റിനും സർക്കാരിനും നോട്ടീസ്. ഉപഭോക്താക്കളില്‍ നിന്ന് ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് (Lulu Mall Parking Fee)വാങ്ങുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനും കേരള സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമാ സംവിധായകൻ പോളി വടക്കനാണ് അനധികൃതമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം സാധനങ്ങൾ വാങ്ങാൻ ലുലുവിൽ പോയിരുന്നു. അന്ന് വാഹനം പാർക്ക് ചെയ്തതിന് അദ്ദേഹത്തിന്റെ പക്കൽ നിന്നും പാർക്കിംഗ് ജീവനക്കാരൻ 20 രൂപ വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 1994 ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂളുകളുടെ നഗ്നമായ ലംഘനമാണ് ലുലു മാളിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയിൽ ഹർജി നൽകിയത്.

ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ജോമി കെ ജോസും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി എസ് ശ്രീകുമാറുമാണ് കോടതിയിൽ ഹാജരായത്. ചട്ടപ്രകാരം മാൾ വാണിജ്യസമുച്ചയം ആണ്. അംഗീകൃത ബിൽഡിംഗ് പ്ലാനിൽ പാർക്കിംഗിനായി സ്ഥലവും നീക്കിവയ്‌ക്കണം. ലുലു പോലെ വാണിജ്യ സമുച്ചയങ്ങൾ സന്ദർശിക്കുന്നവർക്ക് സൗജന്യപാർക്കിംഗ് അനുവദിക്കണം. ഇത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി അനധികൃതമായി വാങ്ങിയ 20 രൂപ തിരികെ നൽകണമെന്നും അദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നുണ്ട്.

Related Articles

Latest Articles